ചെർക്കള: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ട് സ്റ്റുഡന്റ് മെന്റർമാരെ നിയോഗിക്കുന്നു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുത്ത 320 സ്റ്റുഡന്റ് മെന്റർമാർക്ക് ചെർക്കള മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനം നൽകി.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ പ്രവർത്തന മികവ്, നേതൃത്വപാടവം, സഹജീവികളോടുള്ള താത്പര്യം, ആശയവിനിമയ ശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഒമ്പതാം ക്ലാസിലെ അംഗങ്ങളിൽ നിന്നാണ് സ്റ്റുഡന്റ് മെന്റർമാരെ തെരഞ്ഞെടുത്തത്. തങ്ങളുടെ ഗ്രൂപ്പിലുള്ള 10 കൂട്ടുകാർക്കും ഐടി ഉൾപ്പെടെയുള്ള പാഠഭാഗങ്ങൾ കൃത്യമായി മനസിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ക്ലാസുകളിൽ അധ്യാപകരെ സഹായിക്കുക, ഐടി ക്ലബിന്റെ പൊതുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ. കൂടാതെ ഡിജിറ്റൽ തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ലാപ്ടോപ്പോ സ്മാർട്ട്ഫോണോ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് സ്കൂൾ ലാബുകളിൽ പ്രത്യേക സൗകര്യം ഒരുക്കാനും സ്റ്റുഡന്റ് മെന്റർമാർ മുൻകൈ എടുക്കും.